ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുവന്നാണ് ചെന്താമര മറ്റു രണ്ട് കൊലപാതകങ്ങളും നടത്തിയത്.
ജാമ്യവ്യവസ്ഥ പൂര്‍ണമായും ലംഘിച്ചതിനാൽ പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് ഒടുവിൽ ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ചെന്താമര കൊലപാതകം നടത്തിയത്. പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കൃത്യം നടത്താനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു. പൂര്‍വവൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നുണ്ട്.