‘അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടും’; സമഗ്ര ഗുണമേന്മാ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി
അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താൻ സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെയാണിത്. അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വലിയ മാറ്റങ്ങള്‍ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ടതുണ്ട്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നത്.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് 2016ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും. ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അക്കാദമിക ഗുണമേന്മാ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വർഷത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയില്ല. മറിച്ച് ഇത് വിദ്യാലയങ്ങളില്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.