പാതിവില തട്ടിപ്പ് കേസ് ; പ്രതി അനന്തുകൃഷ്ണന്റെ ചോദ്യം ചെയ്യൽ തുടരും
പാതിവില തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതി അനന്തുകൃഷ്ണന്റെ ചോദ്യം ചെയ്യൽ തുടരും. ഇയാളിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവ്, മൊബൈൽ ഫോണുകൾ,ഐപാഡ് എന്നിവ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. അനന്തുകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
അതേസമയം വിമൻ ഓൺ വീൽ തട്ടിപ്പ് കേസിലെ പങ്കാളി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം രാജി വയ്ക്കണമെന്ന് സി പി ഐ എം. സംസ്ഥാനത്ത് ആകെ ചർച്ചയായിരിക്കുന്ന ആയിരം കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനിന്നത് പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ നജീബ് കാന്തപുരം. നജീബിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്രാ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി ഇരുചക്ര വാഹനവും ലാപ്ടോപ്പ് ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ഗുണഭോക്താക്കളിൽ നിന്ന് പണം സ്വീകരിച്ച് എംഎൽഎ ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ പണം അടച്ചു കഴിഞ്ഞിട്ടും ഇവ ലഭ്യമാക്കിയില്ല.
പദവി ദുരുപയോഗം ചെയ്‌ത് എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നടത്തിയ കോടികളുടെ തട്ടിപ്പ് വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും, എംഎൽഎ ഓഫീസിൽ വെച്ച് സമാഹരിച്ച തുക മുഴുവൻ ആളുകൾക്കും തിരികെ നൽകാൻ എംഎൽഎ തയ്യാറാവണമെന്നും കൂടാതെ അദ്ദേഹത്തിൻറെ ഫണ്ടിംഗ് സോഴ്‌സിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപെടുന്നതായും പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി സെക്രട്ടറി ഇ രാജേഷ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.