വാഹന ഉടമകൾ മൊബൈല്‍ നമ്പര്‍ വാഹന്‍ സൈറ്റില്‍ ചേര്‍ക്കണം; ആർടി ഓഫീസുകളിൽ സ്പെഷ്യല്‍ ഡ്രൈവ്
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈല്‍ നമ്പറുകള്‍ വാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എല്ലാ റീജ്യനല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇ-ആധാര്‍ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി മൊബൈല്‍ നമ്പര്‍ അപ്ഡേഷന്‍ നടത്താം.
അതേസമയം, മോട്ടോര്‍വാഹന വകുപ്പും പൊലീസും സംയുക്തമായി എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ സംഘടിപ്പിച്ച ഇ – ചെലാന്‍ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചുമത്തിയിരിക്കുന്ന പിഴകള്‍, കോടതി നടപടികളിലിരിക്കുന്ന ചെലാനുകള്‍ എന്നിവ തീര്‍പ്പാക്കി പൊതു ജനങ്ങള്‍ക്ക് വാഹനങ്ങള്‍ക്കെതിരെയുള്ള തുടര്‍നടപടികളില്‍ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്. 4ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എറണാകുളം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ – എന്‍ഫോഴ്‌സ്‌മെന്റ് കെ മനോജ് അറിയിച്ചു.
എറണാകുളം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, തൃപ്പൂണിത്തുറ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, അങ്കമാലി സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ആലുവ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, നോര്‍ത്ത് പറവൂര്‍ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, മട്ടാഞ്ചേരി സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നീ കേന്ദ്രങ്ങളിലാണ് അദാലത്തുകള്‍ നടക്കുന്നത്.