മഹാരാഷ്ട്രയില്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം ബാധിച്ച് ഒരാള്‍ മരിച്ചു; പൂനെയില്‍ 101 കേസുകള്‍
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചതായി സംശയിക്കുന്ന ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. പൂനെയില്‍ എത്തിയപ്പോഴാണ് രോഗമുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് ജന്മനാടായ സോലാപൂരിലേക്ക് മടങ്ങിയെങ്കിലും മരണം സംഭവിച്ചു.
ഇമ്യൂണോളജിക്കല്‍ നാഡി ഡിസോര്‍ഡറായ ജിബിഎസ് ബാധിച്ച് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്. 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പടെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 16 രോഗികള്‍ വെന്റിലേറ്ററിന്റെ പിന്തുണയിലാണ്.
95 കേസുകള്‍ പൂനെ (81), പിംപ്രി-ചിഞ്ച്വാഡ് (14) എന്നിവിടങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, റാപ്പിഡ് റെസ്പോണ്‍സ് ടീമും (ആര്‍ആര്‍ടി) പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിഎംസി) ആരോഗ്യ വിഭാഗവും നഗരത്തിലെ വിവിധയിടങ്ങളിലായി നിരീക്ഷണം തുടരുകയാണ്.
പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 15,761, ചിഞ്ച്വാഡ് മുനിസിപ്പല്‍ പരിധിയില്‍ 3,719, കൂടാതെ ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ 6,098 എന്നിങ്ങനെ മൊത്തം 25,578 വീടുകളാണ് ഇതുവരെ സര്‍വേ നടത്തിയതെന്നും ഹെല്‍ത്ത് ഓഫീസര്‍ വൈശാലി ജാദവ് പറഞ്ഞു
പെട്ടെന്നുള്ള മരവിപ്പിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന ഒരു അപൂര്‍വ അവസ്ഥയാണ് രോഗം. കൈകാലുകളിലെ കഠിനമായ ബലഹീനത, അയഞ്ഞ ചലനങ്ങള്‍ മുതലായവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളെന്നാണ് വൈശാലി ജാദവ് പറയുന്നു
ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ എന്നിവ സാധാരണയായി ഈ രോഗത്തിലേക്ക് നയിക്കുമെന്നും രോഗികളുടെ പ്രതിരോധശേഷി ദുര്‍ബലമാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, കുട്ടികളിലും യുവാക്കളിലും ജിബിഎസ് വ്യാപകമാണെങ്കിലും, ഇതൊരു പകര്‍ച്ചവ്യാധിയിലേക്ക് നയിക്കില്ല. കൂടാതെ മിക്ക രോഗികളും ചികിത്സയിലൂടെ പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നു.
ജിബിഎസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. ജിബിഎസ് ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണെന്നാണ് കരുതുന്നത്.