പുതുശ്ശേരിയുടെ ‘ഡെമോക്രൈസിസ്’ പ്രകാശനം ചെയ്തു
തിരുവനന്തപുരം : മുൻ എം.എൽ.എയും കേരളാ കോൺഗ്രസ് നേതാവുമായ ജോസഫ് എം. പുതുശ്ശേരിയുടെ ആറാമത് പുസ്തകം ‘ഡെമോക്രൈസിസ്’ പ്രകാശനം ചെയ്തു. വീണ്ടുവിചാരം എന്ന തന്റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹാരമാണ് ഡെമോക്രൈസിസ്.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനുമായ വി. എം. സുധീരൻ, മുതിർന്ന സി.പി.ഐ നേതാവും മുൻമന്ത്രിയുമായ സി. ദിവാകരന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.
ജനാധിപത്യത്തിന്റെ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്ന പുസ്തകമാണ് ഡെമോക്രൈസിസ് എന്ന് വി. എം. സുധീരൻ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ഗുണദോഷങ്ങൾ അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചാണ്. നിലവിലെ രാജ്യത്തെ അവസ്ഥ കണക്കിലെടുത്താൽ ഡോ. ബാബാസാഹിബ് അംബദ്ക്കർ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞ കാലഘട്ടമാണിത്. ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിൽ എത്തുന്നവർക്ക് ഉണ്ടാകുന്ന വീഴ്ചകളും ഭരണകൂടത്തോടുള്ള വിമർശനങ്ങളും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമാ ണ് പുസ്തകത്തിലൂടെ പുതുശ്ശേരി അവതരിപ്പിക്കുന്നത്. നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്തും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിഷയങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വിളിച്ചിരുന്നത് എന്നും സുധീരൻ പറഞ്ഞു.
വിമർശനങ്ങളിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് സി. ദിവാകരൻ ചൂണ്ടിക്കാട്ടി. എഴുത്തിലൂടെയുള്ള പുതുശ്ശേരിയുടെ വിമർശനം ഇനിയും തുടരണം. ഇടതുപക്ഷത്തെ എതിർക്കേണ്ട കാര്യങ്ങളിൽ എതിർക്കണം. നിലവിലെ രാഷ്ട്രീയ പാർട്ടികളുടെ രീതി മാറണം. കേരള രാഷ്ട്രീയം ഇങ്ങനെ പോയാൽ മതിയോ? രാഷ്ട്രീയ നേതാക്കൾ പറയുന്നതെല്ലാം നല്ല ഭാഷയാണോ? ആരെങ്കിലും എതിർക്കുന്നുണ്ടോ? എവിടെയെങ്കിലും പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടോ? രാഷ്ട്രീയപാർട്ടികൾ പെരുമാറ്റ ചട്ടങ്ങളിൽ, വാക്കുകളിൽ, വാചകങ്ങളിൽ, പ്രസംഗങ്ങളിൽ, ബന്ധങ്ങളിൽ, സമീപനങ്ങളിൽ മാറ്റം വരുത്തണം. കലങ്ങിമറിയുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ദീപശിഖയായി കേരളം മാറണമെന്നും ദിവാകരൻ പറഞ്ഞു.
ജനാധിപത്യത്തിന്റെ വീഴ്ചകൾ പാർട്ടി നോക്കാതെ പുതുശ്ശേരി പറഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷപ്രസംഗത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് അഭിപ്രായപ്പെട്ടു.
കുര്യൻ കെ തോമസ് പുസ്തകം പരിചയപ്പെടുത്തി ചടങ്ങിൽ സി.എം.പി നേതാവ് സി.പി. ജോൺ, മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, സംഗീത ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. കോതമംഗലം സൈകതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.