18 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ തുറക്കാൻ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം
18 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ തുറക്കാൻ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം. 18 പൂർത്തീകരിക്കാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുവാദം വേണ്ടി വരുമെന്ന് നിർദ്ദേശിക്കുന്ന നിയമത്തിന് രൂപം നൽകാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം.
ഡിജിറ്റൽ പഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിൻ്റെ കരട് രൂപത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ സോഷ്യൽ മീഡയിയിൽ 13 വയസിനു മുകളിലുള്ളവർക്ക് ഇന്ത്യയിൽ സ്വന്തം നിലയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിക്കാം എന്ന ചട്ടം ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മാറും.
കുട്ടികൾ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചേർക്കുന്നതിന് മുമ്പ് അതിന് രക്ഷിതാവ് കുട്ടിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഈ നിയമത്തിലൂടെ ഉറപ്പാക്കാനാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
അതേസമയം, കൂടുതൽ ചർച്ചകളിലൂടെ മാത്രമേ നിയമം പ്രാബല്യത്തിൽ വരുത്തൂവെന്നും mygov.in എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പങ്കുവെക്കാമെന്നും അധികൃതർ അറിയിച്ചു.