ആമസോൺ പേയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആമസോൺ പേയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ, കെവൈസി നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 3.06 കോടി രൂപയുടെ പിഴയാണ് ആമസോൺ പേയ്ക്കെതിരെ ആർബിഐ ചുമത്തിയിട്ടുള്ളത്. ഇ- കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ.പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട ആർബിഐ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ കെവൈസിയുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആമസോൺ പേ പാലിക്കുന്നില്ലെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ട് എന്നതിന്റെ കാരണം വ്യക്തമാക്കാൻ ആമസോൺ പേയ്ക്ക് ആർബിഐ നോട്ടീസ് അയച്ചിരുന്നു. ആമസോൺ പേയുടെ മറുപടി പരിഗണിച്ചതിനുശേഷമാണ് റിസർവ് ബാങ്ക് അന്തിമ തീരുമാനം എടുത്തത്.