ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി കാണുന്നതിനിടെ ഡല്‍ഹി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറ്
ന്യൂഡല്‍ഹി: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി കാണുന്നതിനിടെ ഡല്‍ഹി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറ്. യൂണിവേഴ്‌സിറ്റി അധികൃതര്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലെ ഉള്‍പ്പെടെ ക്യാമ്പസിലെ വൈദ്യുതിയും വൈഫൈയും വിച്ഛേദിച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലുമായാണ് വിവാദ ഡോക്യുമെന്ററി കണ്ടത്. അതിനിടെയാണ് കല്ലേറുണ്ടായത്. എ.ബി.വി.പി. പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കല്ലെറിഞ്ഞവരെ തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിദ്യാര്‍ഥി സംഘടനകള്‍ പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് സര്‍വകലാശാലാ അധികൃതര്‍ അനുമതി നിഷേധിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നപക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെ കാമ്പസില്‍ ഒരിടത്ത് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലുമായി കാണുകയായിരുന്നു. അതിനിടെയാണ് കല്ലേറുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ക്യാമ്പസിലെ സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്.കല്ലേറില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. ഐസ പ്രവര്‍ത്തകരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇതിന് പിന്നാലെ അക്രമികള്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു. മെയിന്‍ ഗേറ്റിലേക്ക് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.കല്ലെറിഞ്ഞവരില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി പന്ത്രണ്ടുമണിയോടെയാണ് മാര്‍ച്ച് നടത്തിയത്. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐസ എന്നീ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. നടപടിയെടുക്കാമെന്ന പൊലീസിന്റെ ഉറപ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.