ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി
ശബരിമലയിൽ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി.മണ്ഡല പൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. ഡിസംബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കും.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ശബരിമലയിലെ മണ്ഡലപൂജ. ഉച്ചയ്ക്ക് 12 നും 12.30 ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടന്നത്. തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ശബരിമലയിൽ പരാതി രഹിതമായ തീർത്ഥാടന കാലമാണ് കടന്ന് പോയത്. സംസ്ഥാന സർക്കാറിൻ്റെ കാര്യക്ഷമമായ ഇടപെടലും വിവിധ വകുപ്പുകളുടെ ഏകോപനവുമാണ് വിജയകരമായ തീർത്ഥാടന കാലത്തിന് പിന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ലക്ഷത്തിലധികം തീർത്ഥാടകർ അധികമായി എത്തിയിട്ടും എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാനായി.
ദർശനം ലഭിക്കാതെ ഒരാൾ പോലും മടങ്ങിയില്ല. അയ്യപ്പദർശനത്തിനായി ക്യൂവിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നില്ല. ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയ ദിവസവും എല്ലാവരും സുഗമ ദർശനം നടത്തി മടങ്ങി. സന്നിധാനത്തെത്തിയ പ്രതിപക്ഷത്തെ നേതാക്കൾ സർക്കാറിനെ പ്രശംസിച്ചു.
മുൻപില്ലാത്തവിധം ഒരു പരാതി പോലും ഉയരാത്ത തീർത്ഥാടന കാലമാണ് കടന്ന് പോയത്. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ തീർഥാടനകാലമെന്നു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണ്ഡലപൂജയുടെ ദിവസങ്ങളിൽ മന്ത്രി വി എൻ വാസവൻ തന്നെ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.
സർക്കാറിൻ്റെ ഇടപെടലുകളിൽ പൂർണ്ണ തൃപ്തി അറിയിച്ച തന്ത്രി കണ്oരര് രാജീവര് മന്ത്രിയെ പെന്നാട അണിയിച്ചു. വിജയകരമായ മണ്ഡല കാല തീർത്ഥാടനത്തിന് ശേഷം മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങളും നേരത്തെ തന്നെ ആരംഭിച്ച് കഴിഞ്ഞു.