വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം: മാധ്യമ അടിയന്തരാവസ്ഥ – അൻസാരി ഏനാത്ത്
വാർത്ത റിപ്പോർട്ട് ചെയ്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം മാധ്യമ അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പത് വട്ടം അധരവ്യായാമം നടത്തുന്ന ഇടതുസർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്.
.
ലേഖകന്‍റെ പേര് വച്ചു പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥൻ വാർത്ത നൽകിയ റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പരും ഇ മെയിൽ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്‍റെ ചീഫ് എഡിറ്റർക്കു വീണ്ടും നോട്ടീസ് അയയ്ക്കുക കൂടി ചെയ്തിരിക്കുന്നു. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ കൊട്ടിഘോഷിക്കുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ബാധിക്കാനിടയുള്ള വിഷയം വാർത്തയാക്കുകയും അതിന് ആധാരമായ രേഖകൾ പുറത്തുവിടുകയും ചെയ്യുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നതാണ് മാധ്യമ ധർമം. സർക്കാരിനെയും സർക്കാർ സംവിധാനങ്ങളെയും വാഴ്ത്തുകയും പുകഴ്ത്തുകയുകയും ചെയ്യുകയല്ല മാധ്യമങ്ങളുടെ ജോലി. മാധ്യമ സ്വാതന്ത്ര്യത്തിനു വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിറുത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു.