ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ
ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മാത്രമായി 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 2.34 കോടി യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ലോകത്തിലെ മുൻനിര വിമാനത്താവളമെന്ന പദവി കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ജനുവരിയിൽ മാത്രമായി 85 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ദുബായിലേക്കെത്തിയത്.
ജനുവരി മുതൽ മാർച്ച് വരെ മാത്രമായി 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ നിന്നുമെത്തിയത്. സൗദി അറേബ്യ , യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരണ് തൊട്ടുപിന്നിൽ. മൂന്ന് മാസങ്ങളിലായി 5,17,000 ടൺ കാർഗോയും 2.1 കോടിയിലേറെ ലഗേജുകളും വിമാനത്താവളത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ 1,11,000 വിമാനസർവീസുകളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.