എയര്‍ ഇന്ത്യയിൽ നൂറ് എയര്‍ബസുകള്‍ കൂടി വരുന്നു
കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസുകള്‍, ബോയിംഗ് വിമാനങ്ങള്‍ എന്നിവയ്ക്ക് പുറമേ നൂറു വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ. ഇതില്‍ പത്തെണ്ണം വൈഡ് ബോഡി വിമാനമായ എ 350ആണ് ബാക്കി തൊണ്ണൂറും നാരോ ബോഡി വിമാനങ്ങളായ എ320 വിഭാഗത്തില്‍പ്പെട്ടവയാണ്. ഇതില്‍ എ321ഉം ഉള്‍പ്പെട്ടിട്ടുണ്ട്. 40 എ350 വിമാനങ്ങളും എ320 കുടുംബത്തില്‍ പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ 250 എയര്‍ബസ് വിമാനങ്ങളാണ് ഇതിന് മുമ്പ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. ദീര്‍ഘദൂര – അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി എ 350കള്‍ കൊണ്ടുവരുന്നത്.
കഴിഞ്ഞ വര്‍ഷം ഇരുന്നൂറിലധികം വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതില്‍ 185 വിമാനങ്ങള്‍ ഇനിയും എയര്‍ഇന്ത്യയ്ക്ക് ലഭിക്കാനുണ്ട്. പുതിയ നൂറു എയര്‍ബസുകള്‍ കൂടി എയര്‍ഇന്ത്യ ഓര്‍ഡര്‍ ചെയ്തതോടെ ആകെ 350 വിമാനങ്ങളായി. ആഭ്യന്തര – ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനായി ഉപയോഗിക്കുന്ന എ 320 കുടുംബത്തിലെ വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഭാഗമാകുമ്പോള്‍ മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത, റോള്‍സ് റോയ്സ് എക്സ്ഡബ്ല്യുബി എഞ്ചിനുകള്‍ കരുത്തേകുന്ന എയര്‍ബസ് എ350 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകുകയാണ് എയര്‍ ഇന്ത്യ.