കേരള ഗവ. നേഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സർക്കാർ നേഴ്സുമാർ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
തിരുവനന്തപുരം : കേരള ഗവ. നേഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സർക്കാർ നേഴ്സുമാർ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും .സേവനമേഖലകളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക,കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ വികസന നയങ്ങൾ ശക്തിപ്പെടുത്തുക,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടികൾ പൂർത്തീകരിക്കുക, താൽക്കാലിക നേഴ്സുമാരുടെ സേവന – വേതന വ്യവസ്ഥകൾ ഏകീകരിക്കുക, കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂർ ജോലി നടപ്പിലാക്കുക,ഹോമിയോ വകുപ്പിലെ നേഴ്സുമാരുടെ ശമ്പള അപാകത പരിഹരിക്കുക, നേഴ്സുമാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കുക ,നേഴ്സ് പ്രാക്ടീഷണർ സംവിധാനം നടപ്പിലാക്കുക , നേഴ്സുമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേഴ്സിങ് ഡിഗ്രിയായി ഉയർത്തുക , സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിച്ചേരും. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 1000 ലധികം നേഴ്സുമാർ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കും.