ദില്ലിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും

Spread the love

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. പുതിയമുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിക്കും. എഎപിക്ക് നിര്‍ണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജിവാള്‍ അറിയിക്കും. തുടര്‍ന്ന് ഓരോ എംഎല്‍എമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. കൂടുതല്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ് കെജ്രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. സുനിത കെജ്രിവാളിന്റെ പേര് കെജ്രിവാള്‍ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരില്‍ നിന്ന് പേര് നിര്‍ദ്ദേശിക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാല്‍ റായി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെജരിവാളിന്റെ വിശ്വസ്തന്‍ എന്നതും അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീര്‍ഘ പരിയസമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകും. കൂടാതെ ഡപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കെജരിവാള്‍ രാജി വയ്ക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു പക്ഷം ശക്തമായി എതിര്‍ക്കുകയാണ്. ഭാര്യ സുനിതയുടെ പേരാണ് ഈ നേതാക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സുനിതയെ മുഖ്യമന്ത്രിയാക്കിയാല്‍ അത് കുടുംബവാഴ്ച്ച എന്ന് രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയെ സഹായിക്കും. കെജരിവാളിന്റെ രാജിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനവും നിര്‍ണ്ണായകമാകും

Leave a Reply

Your email address will not be published. Required fields are marked *