കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം

Spread the love

കൊച്ചി: നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം. പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്‌ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു. കൊലപാതക വിവരം പൊലീസ് മനസിലാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മുങ്ങിയ ഇരുവരെയും കണ്ടെത്തിയാലേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.നാല് വര്‍ഷം മുമ്പാണ് ഉഡുപ്പിക്കാരിയായ ഷര്‍മിള കൊച്ചിയിലെത്തുന്നത്. കൊല്ലപ്പെട്ട സുഭദ്ര അക്കാലത്ത് നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച് നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ശര്‍മിള ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍പ്പെട്ടയാളായിരുന്നെന്നാണ് സൂചന. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും ഉണ്ടെന്ന് ശര്‍മിളയ്ക്ക് അറിയാമായിരുന്നെന്ന് പൊലീസ് കരുതുന്നു. ക്ഷേത്രങ്ങളില്‍ നിത്യ സന്ദര്‍ശകയായിരുന്ന സുഭദ്രയ്‌ക്കൊപ്പം പതിവായി ശര്‍മിളയും ഒപ്പമുണ്ടായിരുന്നു. സുഭദ്ര നടത്തിയിരുന്ന ചിട്ടിയടക്കം സാമ്പത്തിക ഇടപാടുകളെ കുറിച്ചും ശര്‍മിളയ്ക്ക് ധാരണയുണ്ടായിരുന്നെന്നാണ് പൊലീസിന്റെ അനുമാനം. സുഭദ്രയെ വകവരുത്തി അവരുടെ പക്കലുണ്ടായിരുന്ന പണവും പണ്ടങ്ങളും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാസം ശര്‍മിള സുഭദ്രയെ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കരുതുന്നു.ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ശര്‍മിളയുടെ പങ്കാളിയായ മാത്യൂസിന് എന്തെങ്കിലും തരത്തിലുളള ക്രിമിനല്‍ പശ്ചാത്തലമുളളതായി ഇതുവരെ പൊലീസിന് വിവരം കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ തന്നെ ശര്‍മിളയും മാത്യൂസും മുങ്ങുകയായിരുന്നു. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നിരിക്കാനുളള സാധ്യത കൂടി കണക്കിലെടുത്ത് കര്‍ണാടക പൊലീസിന്റെ സഹായവും സംസ്ഥാന പൊലീസ് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *