കശുവണ്ടി വ്യവസായികളും തൊഴിലാളികളും റിലേ സത്യഗ്രഹത്തിലേക്ക്
തിരുവനന്തപുരം : കശുവണ്ടി വ്യവസായികളോടുള്ള ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് കാഷ്യു പ്രോസസ്സിങ് ആന്റ് എക്സ്പോർട്ടേഴ്സിന്റെ നേതൃത്വത്തിൽ ജനുവരി 23 മുതൽ തിരുവനന്തപുരം എസ് എൽ ബിസിയുടെ മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം സംഘടിപ്പിക്കും.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അട്ടിമറിച്ച ബാങ്കുകൾ മറുപടി നൽകുക , നാളിതുവരെ എൻപിഎ ആയവരെ ഉൾപ്പെടുത്തി എസ് എൽബിസിയുടെ നേതൃത്വത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കുക , സർഫ്രാസി ആക്ടിൽ നിന്ന് കശുവണ്ടി വ്യവസായത്തെ ഒഴിവാക്കുക , ടേം ലോൺ ആക്കിയ പലിശ തുക പൂർണമായും ഒഴിവാക്കുക , ഫാക്ടറിയിൽ ജപ്തി ഒഴിവാക്കി തൊഴിൽ പുന: സ്ഥാപിക്കുക , ബാങ്കുകളുടെ ഇരട്ടത്താപ്പുനയം അവസാനിപ്പിക്കുക , സംസ്ഥാനത്ത് കശുവണ്ടി വ്യവസായം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിൽ കശുവണ്ടി വ്യവസായികളും തൊഴിലാളികളും പങ്കെടുക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിക്രമൻ , വൈസ് പ്രസിഡന്റ് സുജിൻ , ട്രഷറർ സുധീർ , ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.