ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം : സുരക്ഷ ശക്തമാക്കി ഇന്ത്യൻ നാവികസേന

Spread the love

ന്യൂഡല്‍ഹി: ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മധ്യ-വടക്കന്‍ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ചരക്കു കപ്പലുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ഡിയ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉള്‍പ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്.പി-18, ലോങ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് കൂടാതെ റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാര്‍ഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍. അറബിക്കടല്‍ മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ നിര്‍ദേശം നല്‍കിയതായി നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാജ്യാന്തര കപ്പല്‍പാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകള്‍ക്കു നേരെ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിരവധിതവണ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു നാവികസേന സുരക്ഷ കര്‍ശനമാക്കിയത്. അറബിക്കടലിലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് എംവി ചെം പ്ലൂട്ടോ എന്ന ഓയില്‍ ടാങ്കറിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *