അമ്പലങ്ങളില്‍ വഴിപാട് നടത്താനെന്ന പേരിലെത്തി പണം തട്ടി മുങ്ങുന്ന ഒരു തട്ടിപ്പുകാരന്‍ ഇറങ്ങി

Spread the love

കൊച്ചി: അമ്പലങ്ങളില്‍ വഴിപാട് നടത്താനെന്ന പേരിലെത്തി പണം തട്ടി മുങ്ങുന്ന ഒരു തട്ടിപ്പുകാരന്‍ ഇറങ്ങിയിട്ടുണ്ട് കൊച്ചിയില്‍. നഗരത്തിലും പരിസരത്തുമായി അര ഡസനിലേറെ ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ വഴിപാട് കള്ളന്‍ കഴിഞ്ഞ ദിവസം പണം തട്ടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കള്ളനെ പിടികൂടാനുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്.നാട്ടിലെ പലതരത്തിലുള്ള തട്ടിപ്പുകാര്‍ക്കിടയിലേക്ക് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള പുതിയൊരു തട്ടിപ്പുകാരനാണ് ഈ ‘വഴിപാട് കള്ളന്‍’. വളരെ ലളിതമാണ് പുതിയ തട്ടിപ്പിന്റെ രീതി. ക്ഷേത്രങ്ങളിലെത്തി വഴിപാട് കൗണ്ടറില്‍ ചെന്ന് വലിയ തുകയുടെ വഴിപാടുകള്‍ പറയുകയാണ് ആദ്യ പടി. രസീത് എഴുതി കഴിയുമ്പോള്‍ എന്തെങ്കിലും ഒരു ആവശ്യം പറഞ്ഞ് ഒരു തുക ചോദിക്കും. വഴിപാട് തുകയോടൊപ്പം അത് ഗൂഗിള്‍ പേയില്‍ നല്‍കാമെന്ന് അറിയിക്കും. വലിയ തുകയുടെ വഴിപാട് രസീത് എഴുതിയിട്ടുള്ളതിനാലും ചോദിക്കുന്ന തുക അതിനേക്കാള്‍ വളരെ കുറവായതിനാലും കൗണ്ടറില്‍ ഇരിക്കുന്നവര്‍ പണം കൊടുക്കും. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോകുന്നയാളിനെ പിന്നീട് കാണില്ല. ഇത്തരത്തില്‍ നഗരത്തിലെ പല ക്ഷേത്രങ്ങളില്‍ നിന്ന് പണം തട്ടിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.തൃപ്പൂണിത്തുറ തറമേക്കാവ് ഭഗവതി ക്ഷേത്രമാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്ന ഒരു സ്ഥലം. രാവിലെ 8.45ഓടെയാണ് തട്ടുപ്പുകാരന്‍ ക്ഷേത്രത്തില്‍ എത്തിയതെന്ന് മേല്‍ശാന്തി സൂര്യദേവ് പറഞ്ഞു. വലിയ ചിലവുള്ള രണ്ട് വഴിപാടുകള്‍ വേണമെന്ന് കൗണ്ടറിലുണ്ടായിരുന്ന മാനേജറോട് പറഞ്ഞു. വിലാസം വാങ്ങി, രസീത് എഴുതിയപ്പോഴേക്കും ഒരു ഫോണ്‍ കോള്‍ വന്നു. മറുഭാഗത്ത് ഇയാളുടെ അച്ഛനാണെന്ന തരത്തിലായിരുന്നു സംസാരം. വഴിപാടുകളെക്കുറിച്ച് വിശദമായി ഫോണിലൂടെയും സംസാരിച്ചു. ഇതോടെ ജീവനക്കാര്‍ക്ക് വിശ്വാസമായി.ഇതിനിടെ താന്‍ വന്ന ടാക്‌സി വാഹനം ഒന്ന് പറഞ്ഞയക്കണമെന്നും 1500 രൂപ തരാമോ എന്നും ചോദിച്ചു. വാഹനം പറഞ്ഞുവിട്ട ശേഷം എല്ലാ പണവും ഒരുമിച്ച് നല്‍കുമെന്ന ധാരണയില്‍ ജീവനക്കാര്‍ പണം നല്‍കി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ ആളിനെ പിന്നെ കണ്ടില്ല. ക്ഷേത്രത്തില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ല. വൈകുന്നേരം ആള്‍ വരുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പിറ്റേദിവസമാണ് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരാളെത്തി പണവുമായി മുങ്ങിയെന്ന വിവരം അറിയുന്നത്. ക്ഷേത്രത്തില്‍ കൊടുത്ത വിലാസം അന്വേഷിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. എന്തായാലും ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത് വെച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *