ഗുണ്ടാബന്ധത്തിൽ രണ്ട് ഡി വൈ എസ് പിമാർക്ക് കൂടി സസ്പെൻഷൻ
തിരുവനന്തപുരം ഗുണ്ടാബന്ധത്തിൽ രണ്ട് ഡി വൈ എസ് പിമാർക്ക് കൂടി സസ്പെൻഷൻ. റൂറല്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. കെ ജെ ജോണ്‍സണ്‍, പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ. ഇരുവർക്കും തലസ്ഥാനത്തെ രണ്ട് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈയടുത്ത് ആഡംബര ഹോട്ടലില്‍ നടന്ന ജോണ്‍സന്റെ മകളുടെ ജന്മദിന പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ഗുണ്ടകളായിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങളൾ തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ക്കാൻ ഡി വൈ എസ് പിമാർ ഇടനിലക്കാരായെന്നും ഇവരിൽ നിന്ന് . കൈക്കൂലി വാങ്ങാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കാമുകി ജ്യൂസിൽ വിഷം കലർത്തിയതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ കേസ് തെളിയിച്ച് പേര് നേടിയ ആളാണ് കെ ജെ ജോൺസൺ. രണ്ട് ദിവസം മുമ്പ് ഗുണ്ടാ- റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്തെ മൂന്ന് ഇൻസ്‌പെക്ടർമാരെയും ഒരു എസ് ഐയെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഗുണ്ടാ- റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധം പുലർത്തുന്നവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമായ പോലീസുകാർക്കെതിരായ നടപടിയുടെ ഭാഗമായി തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റുകയും ചെയ്തു.ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈ എസ് പിമാരെയും 160ലേറെ എസ് എച്ച് ഒ മാരെയും നടപടിക്ക് വിധേയമാക്കുമെന്ന് അന്ന് തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് റിപോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഗുണ്ടാ റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്റലിജൻസ് വിഭാഗം സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപോർട്ടിൽ എസ് ഐ, ഇൻസ്‌പെക്ടർ, ഡിവൈ എസ് പി റാങ്കിലുള്ളവർക്കെതിരെ നടപടിക്ക് ശിപാർശയുണ്ടെന്നാണ് വിവരം.