അൻപതിന്റെ നിറവിൽ കെൽട്രോൺ
രാജ്യം ഇന്നും ഓർമിക്കുന്ന, ഗുണമേന്മയുടെ പര്യായമായി കാണുന്ന, ഒട്ടനവധി ഉപകരണങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുള്ള കെൽട്രോൺ 50 വയസ്സിലേക്ക് കടക്കുകയാണ്. 1973ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെയും വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ടി വി തോമസിന്റെയും നേതൃത്വത്തിൽ കേരളത്തിൽ വ്യവസായം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് കെൽട്രോൺ പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ആദ്യ പൊതുമേഖല സ്ഥാപനമാണ് കെൽട്രോൺ. ഈ സ്ഥാപനത്തിൻറെ ആദ്യ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന ടെക്നോക്രാറ്റായ ശ്രീ കെ പി നമ്പ്യാരെയായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളത്തെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നാടായി രാജ്യം അറിയപ്പെടാൻ തുടങ്ങിയത് ചരിത്രം. 2023 ഓഗസ്റ്റ് 30ന് കെൽട്രോൺ 50 വർഷം പൂർത്തിയാക്കുകയാണ്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവിന്റെ അധ്യക്ഷതയിൽ ബഹു.മുഖ്യമന്ത്രി ജനുവരി 19ന്, രാവിലെ 10:30ന് നിർവഹിച്ചു. 50 വർഷവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടപ്പിലാക്കുന്ന പദ്ധതികൾ/ഉൽപ്പന്നങ്ങൾ – കെൽട്രോൺ ഹൈബ്രിഡ് ഡാറ്റാസെന്റർ വിത്ത് ആമസോൺ വെബ് സർവീസ് ഔട്ട് പോസ്റ്റ് കമ്മീഷനിങ്, ഡിജിറ്റൽ ഫോറൻസിക് കിയോസ്കിന് വേണ്ടി സിഡാക്കുമായുള്ള ടെക്നോളജി കൈമാറ്റം, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിൾ പ്രസൻസ് ഡിറ്റക്ടർ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 19 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ 8 ഉൽപന്നങ്ങൾ കെൽട്രോൺ പുറത്തിറക്കുന്നുണ്ട്. ‘EMERGING OPPORTUNITIES IN DEFENCE SECTOR PRODUCTION’ എന്ന വിഷയത്തിൽ മുൻ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും മുൻ കെൽട്രോൺ എംഡിയുമായിരുന്ന ഡോ അജയ് കുമാർ ഐഎഎസ് സംസാരിച്ചു. കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ എൻ നാരായണമൂർത്തി കെൽട്രോണിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ, ശ്രീ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ശ്രീ. സി ദിവാകരൻ, ശ്രീ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, ശ്രീ സുമൻ ബില്ല ഐഎഎസ്, ഡോ. അർ. അശോക്, ശ്രീ വി ജെ ജോസഫ്, ശ്രീമതി ബിന്ദു വി സി, ശ്രീ ഒ കെ ജയപ്രകാശ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശ്രീമതി ബെറ്റി ജോൺ ചീഫ് ജനറൽ മാനേജർ നന്ദി അറിയിച്ചു.സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത നയമായ – ഇലക്ട്രോണിക്സ് എക്കോ സിസ്റ്റം കേരളത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനത്തിലാണ് കെൽട്രോൺ. അതിലൊന്ന് കെൽട്രോൺ കണ്ണൂർ ഫാക്ടറിയെ ഇലക്ട്രോണിക്സ് പാസീവ് കംപോണൻസ് മാനുഫാക്ചറിംഗ് ഹബ്ബാക്കി രൂപപ്പെടുത്തുക എന്നതാണ്. അതോടൊപ്പം സെമികണ്ടക്ടർ പാർക്കും അതിനോട് അനുബന്ധിച്ചുള്ള ഡിസൈൻ സെൻററും സ്ഥാപിക്കുന്നതിനുള്ള പ്രാരംഭഘട്ട നടപടികൾ സ്വീകരിച്ചു വരുന്നു. വരുംവർഷങ്ങളിൽ കെൽട്രോൺ ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായ മേഖലയിലെ ഒരു പ്രധാനപ്പെട്ട ശൃംഖലയായ രൂപാന്തരപ്പെടുവാൻ വേണ്ട പ്രവർത്തനങ്ങളാണ് കമ്പനി വിഭാവനം ചെയ്തിട്ടുള്ളത്.‘Responsible Industry – Responsible Investment’ എന്ന ലക്ഷ്യം മുൻനിർത്തി പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തി സംരക്ഷിക്കുന്നതിനായി സർക്കാർ മികച്ച പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നുണ്ട്. അടുത്ത 8 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ ഭാഗമായി കെൽട്രോൺ 500 കോടിരൂപ മുതൽമുടക്ക് ആവശ്യമുള്ള ഒരു മാസ്റ്റർപ്ലാൻ സർക്കാരിനു സമർപ്പിക്കുകയും അപ്രകാരമുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. 2024 ൽ ആയിരം കോടി വിറ്റുവരവും 2030 ൽ 2000 കോടിയുടെ വിറ്റുവരവുമാണ് കെൽട്രോൺ ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഇലക്ട്രോണിക്സ് വ്യവസായ മേഖലയ്ക്ക് വേണ്ടി, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണശേഷം അവയ്ക്ക് NABL അക്രഡിറ്റേഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള ഗുണപരിശോധനാ സംവിധാനങ്ങൾ 28 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഡിഫൻസ് ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ്, ട്രാഫിക്ക് സിഗ്നൽസ് ആൻഡ് എൻഫോഴ്സ്മെന്റ് സൊല്യൂഷൻസ്, ഐ ടി സേവനങ്ങൾ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് മാസ്റ്റർപ്ലാൻ വിഭാവനം ചെയ്തത്. മറ്റു മേഖലകളായ സ്പേസ് ഇലക്ട്രോണിക്സ്, സെക്യൂരിറ്റി ആൻഡ് സർവ്വെലൻസ് സിസ്റ്റംസ്, സോളാർ സിസ്റ്റംസ്, ഹിയറിങ് എയ്ഡ്, സ്കിൽ ഡെവലപ്മെന്റ്, ഇലക്ട്രോലൈറ്റിക് കപ്പാസിറ്റേഴ്സ്, പ്രോസസ് ഓട്ടോമേഷൻ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകി വിറ്റുവരവിൽ വർദ്ധനവ് ഉണ്ടാക്കും. അതോടൊപ്പം ഇലക്ട്രോണിക്സ് റിസർച്ച് & ഡെവലപ്മെന്റിനും പ്രാധാന്യം നൽകും. മാസ്റ്റർപ്ലാൻ പ്രാവർത്തികമാകുമ്പോൾ 1250 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു.കേരള സർക്കാരിന്റെ നൂറുദിന പരിപാടികളിലും കെൽട്രോണിന്റെ പ്രോജക്ടുകൾ ഇതിനോടകം തന്നെ ഉൾപ്പെടുത്തി വേണ്ട സഹായങ്ങൾ സർക്കാർ നൽകുന്നുണ്ട്. ബഡ്ജറ്റിൽ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തി കെൽട്രോണിന്റെ ഫാക്ടറികളുടെ നവീകരണത്തിനും, പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വൈവിധ്യവൽക്കരണത്തിനും സഹായമാകുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. കേരള സർക്കാർ 2017 മുതൽ ഈ വർഷം വരെ ഏകദേശം 22 കോടി രൂപ കെൽട്രോണിന് പ്ലാൻ ഫണ്ട് ഇനത്തിൽ നൽകിയിട്ടുണ്ട്. ഈ കൊല്ലത്തെ ബഡ്ജറ്റിൽ 25 കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകുകയും 12 കോടി രൂപ നൽകുകയും ചെയ്തു. ഫാക്ടറി നവീകരണത്തിനും, പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും ഉതകുന്ന മൂലധന നിക്ഷേപങ്ങൾ ഇതിലൂടെ പ്രാവർത്തികമാക്കി വരുന്നു. 2023-24 സാമ്പത്തിക വർഷം ആയിരം കോടി വിറ്റുവരവ് എന്ന ബെഞ്ച് മാർക്ക് ലക്ഷ്യമിട്ടാണ് കെൽട്രോണിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ഇതിൻറെ തുടക്കമായി സിഗ്നേച്ചർ പദ്ധതികളും സിഗ്നേച്ചർ ഉൽപന്നങ്ങളും ഈ സുവർണ്ണ ജൂബിലി വർഷത്തിൽ കെൽട്രോൺ വിപണിയിൽ എത്തിക്കും. അതോടൊപ്പം അൻപത് സ്റ്റാർട്ടപ്പ് / എംഎസ്എംഇ സ്ഥാപനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.