എക്സൈസിന്റെ സ്വർണവേട്ട : അമരവിളയിൽ പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണം

Spread the love

തിരുവനന്തപുരം : അന്തസ്സംസ്ഥാന വാഹനങ്ങൾ വഴി നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തുന്നുവെന്ന സംശയത്തിൽ എക്സൈസ് വകുപ്പ് നടത്തിയ വേട്ടയിൽ പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണം.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് രണ്ടേകാൽ കിലോ തൂക്കമുള്ള സ്വർണാഭരണങ്ങൾ പിടികൂടിയത്.നാഗർകോവിലിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സ്വർണക്കടത്ത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ ജിജോ, ശരത് എന്നിവരെ പിടികൂടി. തൃശ്ശൂരിൽ സ്വർണത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നവരാണ് ഈ യുവാക്കളെന്ന് അധികൃതർ പറഞ്ഞു. ഇവർക്ക് ജി.എസ്.ടി. വകുപ്പ് ഒൻപതു ലക്ഷം രൂപ പിഴയിട്ടു.തമിഴ്‌നാട്ടിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങളിൽ വ്യാപകമായി കഞ്ചാവ്, സ്വർണം, വെള്ളി, കുഴൽപ്പണം തുടങ്ങിയവ കടത്തുന്നുണ്ടെന്നാണ് എക്സൈസ് അധികൃതർക്കു ലഭിച്ചിട്ടുള്ള വിവരം. തുടർന്ന്, അതിർത്തിയിൽ ഊർജിത പരിശോധനയ്ക്ക് ജോ. എക്സൈസ് കമ്മിഷണർ നിർദേശം നൽകി.അമരവിള ചെക്‌പോസ്റ്റിലായിരുന്നു തിങ്കളാഴ്ചത്തെ സ്വർണവേട്ട. പ്ലാസ്റ്റിക് സഞ്ചിയിൽ ചെറിയ പെട്ടികളിൽ നിറച്ച നിലയിലായിരുന്നു സ്വർണം.സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എസ്.എസ്., അരുൺ സേവ്യർ, ലാൽകൃഷ്ണ എന്നിവരും ജി.എസ്.ടി. വകുപ്പിലെ ഉദ്യോഗസ്ഥരും സ്വർണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *