കപ്പൽ കാണാനെത്തി കടലിൽ വീണ് കാണാതായി
വിഴിഞ്ഞം : രണ്ട് കുടുംബത്തോടൊപ്പം കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. ആഴിമല അജീഷ് ഭവനിൽ അനിലിന്റെയും ബീനയുടെയും മകൻ അജീഷ് (26) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറോടെ പുളിങ്കുടി ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്യുന്ന കാഞ്ഞിരംകുളം സ്വദേശിയായ യുവാവും ഭാര്യയും കുഞ്ഞുങ്ങളുമടക്കം കപ്പൽ കാണാനായി ഇവിടെ എത്തിയതാണെന്ന് അജീഷിനൊപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരെ പാറയിൽ ഇരുത്തിയ ശേഷം കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കവെയാണ് ശക്തമായ തിരയിൽപ്പെട്ട് അജീഷ് കടലിൽ വീണത്. ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ് എത്തി രണ്ട് ബോട്ടുകളുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തി. തട്ടിന്റെ പണി ചെയ്തിരുന്ന അജീഷ് ,പ്രീത എന്ന സ്ത്രീക്കും അഭിലാഷ്, അഭിനയ എന്നീ കുട്ടികൾക്കൊപ്പവുമായിരുന്നു താമസിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.