ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വര്‍ഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.‘ക്ഷേമ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ട്. സമയബന്ധിതമായി സര്‍ക്കാര്‍ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ചെലവുകള്‍ ചുരുക്കലിന് അതിശക്ത നടപടികള്‍ സ്വീകരിക്കും. വിവിധ വകുപ്പുകള്‍ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സര്‍ക്കാര്‍ അവശ വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തും’ മുഖ്യമന്ത്രി വ്യക്തമാക്കി.