ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

Spread the love

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ.രണ്ടായിരം വര്‍ഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്ജലി മഹര്‍ഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതല്‍ മൈഗ്രെയ്ന്‍ വരെ നിരവധി രോഗങ്ങള്‍ക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.2014 സെപ്തംബര്‍ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിര്‍ദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവര്‍ഷവും ജൂണ്‍ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികള്‍ യോഗ സംഗമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു. യോഗാഭ്യാസമെന്നാല്‍ നിലത്തുവിരിച്ച പായക്കുമേല്‍ നമ്മള്‍ ചെയ്യുന്ന ഏതാനും ചില ആസനങ്ങളുടെ മാത്രം പേരല്ല. അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്. വര്‍ഷം ചെല്ലുന്തോറും സ്വദേശത്തും വിദേശത്തും യോഗയ്ക്ക് പ്രിയം ഏറി വരിക മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *