ന്യൂ മാഹി ചാലക്കരയിലെ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: ന്യൂ മാഹി ചാലക്കരയിലെ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. സ്റ്റീല്‍ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി പ്രവര്‍ത്തകനായ സനൂപിന്റെ വീടിനുനേരെയാണ് സ്റ്റീല്‍ ബോംബേറ് ഉണ്ടായത്. ആര്‍ക്കും സാരമായി പരുക്കേറ്റില്ലെങ്കിലും വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം നടക്കുന്നത്. ആ സമയത്ത് മഴയുണ്ടായിരുന്നു. നീല നിറത്തിലുള്ള റെയിന്‍ കോട്ട് ധരിച്ചെത്തിയ സിപിഎം പ്രവര്‍ത്തകന്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം ഓടിമറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ചാലക്കരയിലെ കുഞ്ഞിപ്പറമ്പത്തുവീട്ടില്‍ അരുണ്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളുടെ ബാക്കിയാണ് ഈ അക്രമമെന്നാണ് പ്രാഥമിക നിഗമനം.