അപകട ഭീഷണിയിൽ വൻമരം
പാലോട് : നന്ദിയോട് ചുണ്ടക്കരിക്കകത്ത് തെങ്കാശി പാതയോടു ചേർന്ന് നിൽക്കുന്ന കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് അപകടകരമായി നിൽക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി. ഏകദേശം അഞ്ചുതവണ ചില്ലകൾ ഒടിഞ്ഞുവീണ് അപകടമുണ്ടായിട്ടും അധികാരികൾക്ക് കണ്ട ഭാവമില്ല.നന്ദിയോടിനും താന്നിമൂടിനും മദ്ധ്യേയാണ് ചുണ്ടക്കരിക്കകം. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോവുന്നത്. വലിയ വളവിൽ നിൽക്കുന്ന മരമായതിനാൽ പെട്ടെന്ന് കാണാനും കഴിയില്ല. അപകടകരമായ മരം മുറിച്ചു മാറ്റുന്നതിന് നാട്ടുകാരും കെ.എസ്.ഇ.ബി മൂന്നു തവണയും പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. മുൻപ് മരക്കൊമ്പ് ഒടിഞ്ഞുവീണ് വൈദ്യുതി ലൈനിന് തകരാർ പറ്റിയിരുന്നു. മഴക്കാലം ശക്തമാകുന്നതിന് മുമ്പെങ്കിലും മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.