ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിത
ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിത. 58.3 ശതമാനം വോട്ടുകൾ നേടി ക്ലൗഡിയ ഷെയിൻബോം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലൗഡിയ. ഏകദേശം 10 കോടി ആളുകളാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് വലിയ തിരക്കായിരുന്നു പോളിങ് സ്റ്റേഷനുകളിൽ രൂപപ്പെട്ടത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഏകദേശ കണക്കുകൾ പുറത്തുവിട്ടത്. അതുപ്രകാരം, ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതിൽ ഗാൽവേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ഷെയിൻബോമിന്റെ ജയം ഉറപ്പിച്ച മട്ടായിരുന്നു, വലിയ ഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ് പോളുകളിൽ ഉൾപ്പെടെ ഇവയെ അടിവരയിടുന്നതുമായിരുന്നു.