പാക് ജനതയ്ക്ക് ഇനി ഇന്ത്യൻ പാട്ടുകൾ കേൾക്കാനാവില്ല; നിരോധിക്കാൻ എഫ്.എം സ്റ്റേഷനുകളോട് ഉത്തരവിട്ട് പാകിസ്ഥാൻ സർക്കാർ
ഏപ്രിൽ 22 ന് ആയിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടക്കുകയും 26 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തത്. ഈ ആക്രമണത്തിനുശേഷം, ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുന്നത് മുതൽ പാകിസ്ഥാൻ കലാകാരന്മാരെ നിരോധിക്കുന്നത് വരെ നിരവധി വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. രണ്ട് അയൽരാജ്യങ്ങളും തമ്മിൽ സംഘർഷഭരിതമായ അന്തരീക്ഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇന്ത്യ പാകിസ്ഥാൻ കലാകാരന്മാരെ വിലക്കുക മാത്രമല്ല, അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പോലും ഇന്ത്യയിൽ നീക്കം ചെയ്തു. ഇപ്പോഴിതാ പാകിസ്താനും പല തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ഹിന്ദുസ്ഥാനി ഗാനങ്ങൾ നിരോധിക്കാൻ ഷഹബാസ് സർക്കാർ പാക് റേഡിയോയോട് ഉത്തരവിട്ടു.
പാകിസ്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉത്തരവിറക്കി. രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകള്‍ അടച്ചതെന്നാണ് വിവരം.