ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ഇനി പഴയ ചിട്ടയിൽ ആറാട്ട്
തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ട് പഴയ രീതിയിലേക്കു മാറ്റും. ഘോഷയാത്രയിൽ ഏറ്റവും മുന്നിലായി കൊടിയാന അണിനിരക്കണമെന്നാണ് മതിലകം രേഖകളിൽ പറയുന്നത്. കൊടിയും തഴയും വഹിക്കുന്നവർ, അശ്വാരൂഡ സേന,ബാൻഡ്,പടക്കുറുപ്പ്,ക്ഷേത്ര സ്ഥാനി എന്നിങ്ങനെയാണ് തുടർന്നുള്ള ക്രമം. രാജകുടുംബത്തിലെ പുരുഷൻമാർ ക്ഷേത്രസ്ഥാനിക്ക് ഇരുവശത്തായി അണിനിരക്കും. പിന്നാലെ എക്സിക്യുട്ടിവ് ഓഫീസർ,ദാസന്മാരുടെ സംഘം. ഇവർക്കും പിന്നിലായാണ് വിഗ്രഹങ്ങളെ എഴുന്നള്ളിക്കുന്നത്. ഏറ്റവും പിന്നിലാണ് ഭക്തർ. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്തേക്ക് പോകുന്നത്. നിർദേശത്തിനു ക്ഷേത്രസ്ഥാനി അംഗീകാരം നൽകിയതായി ഭരണസമിതി അംഗം കരമന ജയൻ അറിയിച്ചു. ഭരണസമിതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര പഴയ ചിട്ടയോടെ നടത്തും. വർഷത്തിൽ രണ്ടുതവണയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉത്സവം. മീന മാസത്തിൽ പൈങ്കുനി ഉത്സവവും തുലാം മാസത്തിൽ അല്പശി ഉത്സവം.