ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് ഇടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് ഇടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലിക്കോപ്റ്ററിനെ പറ്റിയുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇബ്രാഹിം റെയ്സി യു.എസ് നിര്‍മിത ബെല്‍-212 ഹെലിക്കോപ്റ്ററിലാണ് സഞ്ചരിച്ചിരുന്നത്. ഹെലിക്കോപ്റ്ററിന് മോശം കാലാവസ്ഥയും മൂടല്‍ മഞ്ഞും മൂലം അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഹെലിക്കോപ്റ്ററിന്റെ പഴക്കവും യന്ത്രഭാഗങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പലരും വിലയിരുത്തുന്നത്. റെയ്സിന്റെ ഹെലിക്കോപ്റ്ററിനൊപ്പം സഞ്ചരിച്ച മറ്റ് ഹെലിക്കോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയത് ബെല്‍-212 മോഡല്‍ ഹെലിക്കോപ്റ്ററിന്റെ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി.മൂന്ന് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു. രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തി. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ രേഖകള്‍ പ്രകാരം 15-പേരെ ഉള്‍ക്കൊള്ളാന്‍ ഈ ഹെലിക്കോപ്റ്ററിനാകും. ആളുകളെ കയറ്റാന്‍ അനുയോജ്യമാണ്. ഏരിയല്‍ ഫയര്‍ഫൈറ്റിങ് ഗിയര്‍, ഫെറി കാര്‍ഗോ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഹെലിക്കോപ്റ്ററിന്റെ യന്ത്രഭാഗങ്ങള്‍ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഒരു പക്ഷേ അപകടത്തില്‍ നിര്‍ണായകമായിരിക്കാമെന്ന് സി.എന്‍.എന്‍ മിലിട്ടറി അനലിസ്റ്റ് സെഡ്രിക് ലെയ്ട്ടണ്‍ പറയുന്നു.യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാണ് പുതിയ വിമാനങ്ങളോ യന്ത്രഭാഗങ്ങളോ വാങ്ങാന്‍ തടസ്സമായി നില്‍ക്കുന്നത്. എയര്‍ഫ്ളീറ്റ്സ്.നെറ്റ് പ്രകാരം പ്രമുഖ ഇറാനിയന്‍ വിമാനകമ്പനികളായ ഇറാന്‍ എയര്‍, മഹാന്‍ എയര്‍ എന്നിവ വിമാനങ്ങള്‍ 20-വര്‍ഷത്തില്‍ അധികം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഹെലിക്കോപ്റ്ററിന്റെ കാലപ്പഴക്കമാണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ പ്രതികൂല കാലാവസ്ഥകളെ മറികടക്കാനാവാതെ വന്നത് എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.2023- സെപ്റ്റംബറിലാണ് ബെല്‍-212 മോഡല്‍ ഹെലിക്കോപ്റ്റര്‍ ഇതിന് മുമ്പ് അപകടത്തില്‍പ്പെടുന്നത്. യു.എ.ഇ-യിലാണ് സംഭവം. എന്നാല്‍ ഇറാനില്‍ ഈ മോഡല്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് 2018-ലാണ്. സംഭവത്തില്‍ നാല് പേര്‍ മരിച്ചു.