ജയിംസ് കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി
ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജയിംസ് കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി. അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പത്ത് നിമിഷത്തോളം അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിച്ചതായും രാജമൗലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാജമൗലി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
‘മഹാനായ ജെയിംസ് കാമറൂൺ ആർആർആർ കണ്ടു. അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം തന്റെ പങ്കാളി സൂസിയ്ക്ക് സിനിമ ശുപാർശ ചെയ്യുകയും അവർക്കൊപ്പം അത് വീണ്ടും കാണുകയും ചെയ്തു. ഞങ്ങളുടെ സിനിമയെ വിശകലനം ചെയ്യാൻ 10 മിനിറ്റോളം അദ്ദേഹം ചെലവഴിച്ചു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ലോകത്തിന്റെ നെറുകയിലാണ്’ രാജമൗലി ട്വിറ്ററിൽ കുറിച്ചു.
ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.