ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ
കൊച്ചി : ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ പറയുന്നു.”പിണറായിക്ക് വേണ്ടി, പിണറായിയുടെ രക്ഷകനാകാനായിരുന്നു ഇ പിയുടെ ചർച്ച. ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച്ച വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ചായിരുന്നു ജാവദേക്കറുമായുളള കൂടിക്കാഴ്ച്ചന നടത്തിയത്. ജാവദേക്കർ വരുന്ന കാര്യം താൻ ഇ പിയോട് പറഞ്ഞിരുന്നില്ല. അതിനാൽ ഇ പിക്ക് കൂടിക്കാഴ്ച്ചയെക്കുറിച്ച് മുൻധാരണ ഇല്ലായിരുന്നു.ബിജെപിയിൽ ചേരാൻ ഇ പി ജയരാജൻ ചർച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചർച്ച നടത്തിയത്. തൃശൂർ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ്എൻസി ലാവ്ലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കലാഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു”.എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തിലും ദല്ലാൾ നന്ദകുമാർ മറുപടി നൽകി. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകിയത്. ആ പണമാണ് തിരികെ കിട്ടാത്തത്. ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നു. അവർ അന്യായമായി കൈവശം വെച്ച ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭർത്താവ് മോഹൻദാസിന്റെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹൻദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയാണിത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു. ശോഭ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ല.ശോഭ സുരേന്ദ്രൻ അന്യായമായി കൈയ്യടക്കിയ ഭൂമിയായിരുന്നു തന്നോട് വിൽക്കാൻ പറഞ്ഞത്. അതിനാലാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നത്. സംരക്ഷണ ഭർത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് അവർ അറിയാതെ ശോഭ സുരേന്ദ്രൻ വിൽപ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രൻ തട്ടിപ്പ് സംഘത്തിൽ പെട്ടിരിക്കുകയാണ്. ഇവർക്കൊപ്പമുളള മോഹൻദാസാണ് ഇതിന് പിന്നിലുളളത്. ബിജെപി സ്ഥാനാർത്ഥിത്വമെന്നത് പണംതട്ടിപ്പിനുളള ജോലി പോലെയാണെന്നും നന്ദകുമാർ പരിഹസിച്ചു.