തീരദേശത്ത് കുടിവെള്ളത്തിന്: ജനങ്ങൾ ബുദ്ധിമുട്ടിൽ
*പൂവാർ* : തീരദേശപ്രദേശങ്ങൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിൽ. കരുംകുളം മുതൽ അടിമലത്തുറ വരെയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കരുംകുളം, കാഞ്ഞിരംകുളം അടിമലത്തുറ പ്രദേശങ്ങളിൽ ആവശ്യത്തിനു ശുദ്ധജലം കിട്ടുന്നില്ല.അടുത്തിടെയുണ്ടായ കടലേറ്റത്തിൽ തീരത്തെ പ്രധാന ജലസ്രോതസ്സുകളിൽ മലിനജലം കയറിയതും പ്രദേശത്തെ ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. കാഞ്ഞിരംകുളം, കരുംകുളം, പൂവാർ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ കരിച്ചൽ പദ്ധതിയിൽനിന്നാണ് ജലം വിതരണം ചെയ്യുന്നത്. എന്നാൽ, പദ്ധതി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. തീരദേശത്ത് അപൂർവമായി മാത്രമേ കിണറുകളുള്ളൂ. അതിനാൽ ഭൂരിഭാഗം ജനങ്ങളും കരിച്ചൽ പദ്ധതിയിലെ ജലത്തെമാത്രം ആശ്രയിച്ചാണ് കഴിയുന്നത്.എന്നാൽ, ഇവിടെ ജലവിതരണം ആഴ്ചയിലൊരിക്കൽ, അതും പരിമിതമായ സമയങ്ങളിൽ മാത്രമാണ്.അടുത്തിടെ കാഞ്ഞിരംകുളം, അടിമലത്തുറ പ്രദേശങ്ങളിൽ ചെളികലർന്ന് കലങ്ങിയ വെള്ളമാണ് വിതരണം നടത്തിയത്. കരിച്ചൽ കായലിൽ പൊഴിനിറഞ്ഞാൽ പൂവാർവരെയുള്ള തീരത്തെ ജനങ്ങൾക്കു ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. വൈദ്യുതത്തകരാറുകളാണ് ജലവിതരണം മുടങ്ങുന്നതിനു കാരണമായി വാട്ടർ അതോറിറ്റി ജീവനക്കാർ പറയുന്നത്.