ഹൈറിച്ചിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം
തൃശൂര്‍: ഹൈറിച്ചിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഗ്രൂപ്പ് അംഗത്തിന്റെ ശബ്ദരേഖ പുറത്ത്. അംഗങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദരേഖയില്‍ പറയുന്നു. കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഫോമും നിക്ഷേപകരില്‍ നിന്ന് ഒപ്പിട്ടുവാങ്ങി. കോടതിയില്‍ നിന്ന് അനുകൂലനടപടിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഈ നീക്കം.കേസില്‍ തുടരുന്ന ഇഡി അന്വേഷണം ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഢനീക്കം.ഹൈറിച്ച് കേസില്‍ ഇ ഡി അന്വേഷണം തുടരുകയാണ്. ഇതിനെ ചെറുക്കാന്‍ കൂടിയാണ് ഗ്രൂപ്പ് അംഗങ്ങള്‍ ശ്രമിക്കുന്നത്. ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി മുന്‍പ് വിലയിരുത്തിയിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു. ഇത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണെന്നും പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡി, കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചിറ്റൂര്‍, ചേര്‍പ്പ് സുല്‍ത്താന്‍ബത്തേരി, എറണാകുളം സൗത്ത് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ 19 കേസുകള്‍ ഉണ്ടെന്നും ഇ.ഡി അറിയിച്ചു.