ബൈജൂസ് കൂപ്പുകുത്തി 17,545 കോടി രൂപ ആസ്തിയിൽ നിന്ന് ഒറ്റവര്‍ഷം കൊണ്ട് ബിഗ് സീറോയിലേക്ക്
ന്യൂഡല്‍ഹി: കൃത്യം ഒരു വര്‍ഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി ഫോബ്‌സ് മാസികയുടെ കണക്കുപ്രകാരം 17,545 കോടി രൂപയായിരുന്നു (2.1 ബില്യണ്‍ ഡോളര്‍). ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച യുവ സംരംഭകന്‍. മലയാളിയെന്ന നിലയില്‍ ബൈജുവിന്റെ വളര്‍ച്ചയില്‍ എല്ലാവരും അഭിമാനിച്ചു. എന്നാല്‍, അടുത്തിടെ പുറത്തിറക്കിയ ഫോബ്സ് ബില്യണയര്‍ സൂചിക 2024 അനുസരിച്ച്, ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യമായി താഴ്ന്നു. ഞെട്ടിപ്പിക്കുന്നതാണ് ബൈജുവിന്റെ വളര്‍ച്ചയും വീഴ്ചയും.ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് പോസ്റ്റര്‍ ബോയിയായിട്ടായിരുന്നു ബൈജു രവീന്ദ്രനെ ലോകമാധ്യമങ്ങള്‍ വാഴ്ത്തിയത്. എന്നാല്‍, വളര്‍ച്ച പോലെ തന്നെ വീഴ്ചയും അപ്രതീക്ഷിതമായിരുന്നു. മുന്‍ എഡ്ടെക് താരം ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്ന് നാല് പേര്‍ മാത്രമാണ് ഇത്തവണ പുറത്തായതെന്ന് ഫോസ്ബ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2022-ലെ അതിന്റെ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യമെങ്കില്‍ ഇക്കുറി ഒരു ബില്യണ്‍ ഡോളര്‍ മാത്രമായി ചുരുങ്ങി. 2011-ല്‍ സ്ഥാപിതമായ ബൈജൂസ്, 2022-ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നു. പ്രൈമറി സ്‌കൂള്‍ മുതല്‍ എംബിഎ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠന ആപ്പിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. എന്നാല്‍ സാമ്പത്തികമായ പിടിപ്പുകേട് തിരിച്ചടിയായി. വിവാദങ്ങളും കമ്പനിയെ തളര്‍ത്തി. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 1 ബില്യണ്‍ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി.കമ്പനിയുടെ സമ്പത്ത് ഇടിഞ്ഞതിന് ബൈജു രവീന്ദ്രന്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടു. Prosus NV, Peak XV പാര്‍ട്ണേഴ്സ് തുടങ്ങി കമ്പനിയുടെ ഓഹരിയുടമകള്‍ കഴിഞ്ഞ മാസം രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടു. നിയമനടപടികളും കമ്പനിയെ തളര്‍ത്തി.ബൈജുവിന്റെ വിദേശ നിക്ഷേപം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം 9,362 കോടിയിലധികം രൂപയുടെ ലംഘനങ്ങള്‍ ആരോപിച്ച് ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന് ഇഡി ഷോകോസ് നോട്ടീസ് അയച്ചു.