ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ വലയിൽ
ട്രേഡിംഗിന്റെ മറവിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ വലയിൽ. ഇവർ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റ് തട്ടിപ്പ് സംഘങ്ങൾക്ക് വിൽപ്പന നടത്തിയതായി വ്യക്തമായിട്ടുണ്ട്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൽ ഷമീർ, പോരൂർ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കൽ മുഹമ്മദ് ഫസീഹ്, ചാത്തങ്ങോട്ടുപുറം മലക്കൽ വീട്ടിൽ റിബിൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ മൂന്ന് പേരും ചേർന്ന് അങ്ങാടിപ്പുറം സ്വദേശിനിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.തട്ടിപ്പുകാർക്ക് യുവാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കളുടെ പേരിൽ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട് സിം കാർഡ്, എടിഎം കാർഡ് തുടങ്ങിയവ തട്ടിപ്പ് സംഘം വാങ്ങിയെടുത്ത ശേഷം നിയമവിരുദ്ധമായ ഇടപാടുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ഇങ്ങനെ അക്കൗണ്ട് വിവരങ്ങൾ കൈമാറുമ്പോൾ 10000 രൂപ വരെയാണ് പ്രതിഫലം നൽകിയിരുന്നത്. സംഭവത്തിന് പിന്നിലെ മുഖ്യപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.