ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13ന് ശേഷം; ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ

Spread the love

ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കും. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷൻ ഒന്നിലധികം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു ഉത്തർപ്രദേശും ജമ്മു കശ്മീരും സന്ദർശിക്കാനാണ് തീരുമാനം. മാർച്ച് 13ന് മുമ്പ് സംസ്ഥാന സന്ദർശനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി (സിഇഒ) പതിവായി യോഗങ്ങൾ നടത്തുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങൾ, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത, അതിർത്തികളിൽ ജാഗ്രത കർശനമാക്കൽ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ വർഷം തിരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങൾ ഫ്ലാഗ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് എഐ ഉപയോഗിക്കുക.തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയയിലെ തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം നീക്കം ചെയ്യുന്നത് വേഗത്തിലായിരിക്കും, ഏതെങ്കിലും പാർട്ടിയോ സ്ഥാനാർത്ഥിയോ നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെങ്കിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ ബ്ലോക്ക് ചെയ്യാനോ ആവശ്യപ്പെടുന്നത് പോലുള്ള കർശന നടപടികളെടുക്കാൻ കമ്മീഷൻ സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വസ്തുതാ പരിശോധന, തെറ്റായ വിവരങ്ങൾക്കെതിരെ പോരാടൽ, സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉയർന്ന സുരക്ഷ ഉറപ്പാക്കൽ എന്നിവയിലും കമ്മീഷൻറെ പരിഗണനയിലുണ്ട്. 96.88 കോടി ജനങ്ങൾ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരാണെന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ വോട്ടർമാരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, 18-19 വയസ്സിനിടയിലുള്ള 1.85 കോടി പുതിയ വോട്ടർമാരും ഇക്കുറിഅവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *