നരേന്ദ്രമോദി തന്നെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.അതേസമയം, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബർ 23ന് ചേരും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാനാണ് കേന്ദ്രം സമിതി രൂപീകരിച്ചിട്ടുള്ളത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിംഗ് എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. നിയമകാര്യ സെക്രട്ടറി നിതൻ ചന്ദ്രയാണ് പാനലിന്റെ സെക്രട്ടറി.