ആറ്റുകാൽ പൊങ്കാല മഹോത്സവം – 2024
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്ച രാവിലെ 8.00 ന് പാടി കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആരംഭിച്ചു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 -ാം തീയതി ഞായറാഴ്‌ചയാണ്. രാവിലെ 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 26 -ാം തീയതി തിങ്കളാഴ്ച രാത്രി 12.30 ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു.പൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങൾ തുറന്ന സ്ഥലത്തുവച്ചു ശുദ്ധവൃത്തിയോടുകൂടി പൊങ്കാല നൈവേദ്യം സ്വയം പാകം ചെയ്ത് ലക്ഷോപലക്ഷം സ്ത്രീജനങ്ങൾ തോളോടുതോൾ ചേർന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സംതൃപ്തിയോടെ മടങ്ങുന്നത് നിർവൃതിദായകമായ കാഴ്ചയാണ്.