കേരളത്തില്‍നിന്ന് കൊണ്ടുവന്ന് തള്ളിയ മാലിന്യം നീക്കിയതിന് ചെലവായ പണം ആവശ്യപ്പെട്ട് തമിഴ്‌നാട്
കേരളത്തില്‍നിന്ന് കൊണ്ടുവന്ന് തള്ളിയ മാലിന്യം നീക്കിയതിന് ചെലവായ പണം ആവശ്യപ്പെട്ട് തമിഴ്‌നാട്. തിരുനെല്‍വേലി ജില്ലയിലെ നാങ്കുനേരി ടൗണ്‍ പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസറാണ് കേരളം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യമടക്കമുള്ള പാഴ്വസ്തുക്കള്‍ നാങ്കുനേരി പട്ടണത്തില്‍ കൊണ്ടുപോയി തള്ളിയിരുന്നു. സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും കേരളത്തെ നിശ്ചിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് നാങ്കുനേരി ടൗണ്‍ പഞ്ചായത്ത് മാലിന്യം നീക്കാന്‍ സ്വകാര്യസ്ഥാപനത്തെ സമീപിക്കുന്നത്. 20 കിലോ ആശുപത്രിമാലിന്യം ഉള്‍പ്പെടെ 965 കിലോ മാലിന്യമാണ് നീക്കിയത്. അതിന് 70,000 രൂപ ചെലവായി. ഈ പണം കേരളം നല്‍കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നതിന് കേരളം ശാസ്ത്രീയമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അവയുടെ നീക്കം നിരീക്ഷിക്കണമെന്നും തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തിലെ മാലിന്യം തമിഴ്നാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ തട്ടുന്നെന്ന വാര്‍ത്തകളില്‍ സ്വമേധയാ കേസെടുത്ത ഹരിത ട്രിബ്യൂണല്‍ അനധികൃത മാലിന്യനീക്കത്തിന്റെ കാര്യം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ ടൗണ്‍ പഞ്ചായത്ത് കേരളത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.