തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും
തിരുവനന്തപുരം: തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ഉത്സവത്തിന് കൊടിയേറുന്നതോടെ കുംഭ മാസത്തിലെ പൂരം നാളിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൂരം നാളായ ഫെബ്രുവരി 25-നാണ് ദേവിക്കുള്ള പൊങ്കാല സമർപ്പണം നടക്കുന്നത്. 27-ന് ഉത്സവം സമാപിക്കും.വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം അനുശ്രീ നിർവഹിക്കും. തുടർന്ന് ആറ്റുകാൽ അംബാ പുരസ്കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കുന്നതാണ്. 19-ന് രാവിലെ 9:30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും. ഇത്തവണ നിരവധി ബാലന്മാരാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുക.പൊങ്കാല ദിവസമായ 25-ന് രാവിലെ 10:30ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2:30-ന് പൊങ്കാല നിവേദ്യം, രാത്രി 7:30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത്, രാത്രി 11-ന് മണക്കാട് ശാസ്ത്രാ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. 26-ന് രാവിലെ ദേവിയെ അകത്ത് എഴുന്നള്ളിക്കുന്നതാണ്. രാത്രി 9:45-ന് കാപ്പഴിക്കും. 27-ന് പുലർച്ചെ 12:30-ന് കുരുതി തർപ്പണം നടത്തുന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.