വയനാട്ടിൽ ഇന്ന് ഹർത്താൽ

Spread the love

കല്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വയനാട്ടിൽ 17 ദിവസത്തിനിടയിൽ മൂന്നു പേരാണ് കാട്ടാന ആക്രമണത്തില്ഡട കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വയനാട് കുറുവാദ്വീപിൽ കാട്ടാന ആക്രമണത്തിൽ വെള്ളച്ചാലിൽ പോൾ (50) മരിച്ച സംഭവത്തിന് പിന്നാലെയാണ് യുഡിഎഫ് വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ എൽഡിഎഫും ബിജെപിയും വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതിൻറെ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ ഹർത്താൽ. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്. പോളിനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്.വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു പോൾ. വനസംരക്ഷണ സമിതിയുടെ കീഴിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശമാണ് കുറുവാ ദ്വീപ്. അഞ്ച് ദിവസമായി കുറുവാദ്വീപിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുറുവാദ്വീപിലെത്തുന്ന സഞ്ചാരികളെ തിരിച്ചുവിടാനാണ് പോൾ രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ കാട്ടാന എത്തുകയും പോളിനെ ആന ചവിട്ടിവീഴ്ത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ പുറത്ത് കാര്യമായ പരുക്കുകൾ കാണാത്തതിനാൽ പോളിന് ഈ ആക്രമണത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.പോളിൻറെ മരണത്തോടെയാണ് ഈ വർഷം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്.ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *