ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ ആരംഭിക്കും

Spread the love

തിരുവനന്തപുരം: 2024 ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ഞായറാഴ്ച നടക്കും. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17 മുതൽ ആരംഭിക്കും. 17 ശനിയാഴ്ച രാവിലെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്.പൊങ്കാല ദിവസമായ 25 ഞായറാഴ്ച രാവിലെ 10.30 ന് അടുപ്പുവെട്ട്, പൊങ്കാല എന്നിവ നടക്കും. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് കുത്തിയോട്ടം, 11ന് പുറത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.ഉത്സവത്തിന്റെ അവസാന ദിവസമായ 26ന് രാത്രി 9.45ന് കാപ്പഴിക്കും. 12.30ന് നടക്കുന്ന ഗുരുതി തർപ്പണത്തോടുകൂടി പൊങ്കാല മഹോത്സവം സമാപിക്കും.വിവിധ കലാസാംസ്കാരിക പരിപാടികളും ഉത്സവദിനങ്ങളിൽ നടത്തുന്നുണ്ട്. ഈ വർഷത്തെ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അംബാ പുരസ്കാരം സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറിന് നൽകി ആദരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികൾ അറിയാം,ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം അനുശ്രീ നിർവഹിക്കും. തുടർന്ന്, പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീതകച്ചേരി രാത്രി എട്ടുമണിക്ക് നടക്കും.18ന് രാത്രി 9.30 പിന്നണി ഗായകരായ നയന നായരും ശ്രീനാഥും നയിക്കുന്ന ഗാനമേള നടക്കും. 19 തിങ്കളാഴ്ച രാത്രി 9.30ന് സംഗീത സംവിധായകൻ വിദ്യാധരനും പിന്നണി ഗായകൻ സുധീപ് കുമാറും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.20 ചൊവ്വാഴ്ച വൈകിട്ട് 5ന് പ്രശാന്ത്‌ വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപ ലഹരി ഭജനയും നടക്കും,21 ബുധനാഴ്ച രാത്രി 9.30ന് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് നടക്കും22 വ്യാഴാഴ്ച രാത്രി 9.30ന് പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും23 വെള്ളിയാഴ്ച രാത്രി 9.30ന് ‘മഞ്ജീരധ്വനി’ പിന്നണി ഗായകരായ ലതിക, ശ്രീകാന്ത്, തേക്കടി രാജൻ, സരസ്വതി ശങ്കർ തുടങ്ങിയവരുടെ സംഗീത നൃത്തശിൽപം അരങ്ങേറും.24 ശനിയാഴ്ച രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായകൻ ഖാലിദ് നയിക്കുന്ന ഭക്തിഗാനസന്ധ്യയും നടക്കും.ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ 3,000ത്തോളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രി ശിവൻകുട്ടിയുടെ അധിയക്ഷതയിൽ ക്ഷേത്ര ട്രസ്റ്റ് ഹാളിൽ യോഗവും ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *