തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

Spread the love

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.‘ബാലവേല നിരോധനവും നിയന്ത്രണവും’ നിയമം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന 2014- ലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു.ബാലവേല നിയമങ്ങളും തിരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ അവരെ ഉള്‍പ്പെടുത്തുന്നതുമടക്കം അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം, പോസ്റ്റര്‍ പതിപ്പിക്കല്‍, ലഘുലേഖ വിതരണം മുതലായ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.എങ്കിലും, രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയുടെ സാമീപ്യം ഒരു രാഷ്ട്രീയനേതാവിനൊപ്പം കാണപ്പെടുകയും അതേസമയം, കുട്ടി ആ രാഷ്ട്രീയകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു തരത്തിലും ഇടപെടുകയോ ചെയ്യുന്നില്ലെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായി കാണാനാവില്ലെന്നും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *