തണ്ണീർക്കൊമ്പന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം
വയനാട്: തണ്ണീർക്കൊമ്പന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ആനയുടെ ശരീരത്തിൽ നിന്നും പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാമെന്നാണ് സംശയം. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ട് തവണയാണ് തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റത്. അതിനാൽ, ആന ചരിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രത്യേക സംഘം തുടക്കമിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റതിന് ശേഷം 15 മണിക്കൂർ ഓളം ആനയ്ക്ക് മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതിനെ തുടർന്ന് നിർജലീകരണം സംഭവിച്ചതായും, ഇലക്ട്രോലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർക്കൊമ്പൻ ഇന്നലെ രാവിലെയാണ് ചരിഞ്ഞത്.തണ്ണീർക്കൊമ്പനെ കേരള വനമേഖലയിൽ കണ്ടയുടൻ തന്നെ തന്നെ, കേരള-കർണാടക വനം വകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു. കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാൻ തടസ്സമായി. ആനയെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് അധികൃതർ അറിയിച്ചു.