ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം : സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
മൂന്ന് പതിറ്റാണ്ടായി തുടരുന്ന താര പദവി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്ന ദളപതി വിജയുടെ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിലെയും ദ്രാവിഡ രാഷ്ട്രീയത്തിലെയും പ്രധാന ചര്‍ച്ച വിഷയം. വിജയുടെ രാഷ്ട്രീയ പ്രവേശനം ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നതാണ്. നേരത്തെ തന്നെ താരം ഇതിനുള്ള തയ്യാറെടുപ്പുകളും ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു.ദ്രാവിഡ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായൊരു സംസ്ഥാനത്ത് പുതുതായി രൂപംകൊണ്ടൊരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രക്രിയകളിലും മറ്റ് ജനാധിപത്യ നടപടികളിലും ആര്‍ക്കൊപ്പം നിലകൊള്ളുമെന്നതാണ് തമിഴ് ജനത ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും നേതൃത്വം നല്‍കുന്ന ഡിഎംകെയ്‌ക്കൊപ്പം ഇന്ത്യ സഖ്യത്തില്‍ ഭാഗമാകുമോ എന്നതാണ് ദ്രാവിഡ മക്കള്‍ ഉറ്റുനോക്കുന്നത്.ജയലളിതയുടെ മരണവും ബിജെപിയുടെ ഹൈജാക്കിംഗും ദുര്‍ബലപ്പെടുത്തിയ എഐഡിഎംകെയ്ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുക്കാനാണോ ദളപതിയുടെ പദ്ധതിയെന്നും കണ്ടറിയണം. തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റി തമിഴകത്തിന്റെ കൈയടിയും കൂവലും നേടിയവര്‍ നിരവധിയുണ്ട്. തെന്നിന്ത്യയുടെ സ്വന്തം വിജയിയെ കാത്തിരിക്കുന്നത് ഇതില്‍ ഏതാണെന്ന് കാത്തിരുന്ന് കാണണം.1972ല്‍ തമിഴ് സിനിമാ ലോകത്തിന്റെ രണ്ട് പ്രിയപ്പെട്ടവര്‍ അടക്കി വാണിരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ ചില അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നു. അതേ വര്‍ഷം തന്നെ പൊട്ടിയ രസച്ചരടുകള്‍ കാരണം അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി ഉദയം കൊള്ളുന്നു. പാര്‍ട്ടിയുടെ പിതൃസ്ഥാനത്ത് ദ്രാവിഡ മക്കളുടെ സ്വന്തം വാദ്യാരും ഉണ്ടായിരുന്നു. എംജി രാമചന്ദ്രന്‍ എന്ന എംജിആറിന്റെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഡിഎംകെയുടെ നേതൃസ്ഥാനത്ത് നിലകൊണ്ട കരുണാനിധിയ്ക്ക് അന്നുവരെ ഉണ്ടായിരുന്ന പ്രതിയോഗികളില്‍ ഏറ്റവും ശക്തനായ എതിരാളിയെയാണ് സൃഷ്ടിച്ചത്.1977 മുതല്‍ മൂന്ന് തവണ തമിഴകത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച എംജിആര്‍ തമിഴ് മണ്ണിലും മനസിലും ആഴത്തില്‍ വേരുറപ്പിച്ചു. എംജിആറിന്റെ വിയോഗ ശേഷം ഭാര്യ ജാനകിയിലേക്ക് എഐഡിഎംകെയുടെ കിരീടവും ചെങ്കോലും ലഭിച്ചെങ്കിലും ജയലളിതയുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ ജാനകിഅമ്മയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. എംജിആറില്‍ നിന്ന് തമിഴ് മക്കളുടെ പ്രിയ നടി ജയലളിതയിലേക്ക് പാര്‍ട്ടിയും അധികാരവും വഴി മാറിയപ്പോഴും സിനിമാ ബന്ധം വിട്ടുപോയില്ല.പിടികിട്ടാപ്പുള്ളിയായിരുന്ന വീരപ്പന്‍ പരിഹസിച്ചതുപോലെ സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ തമിഴ് ജനത എക്കാലവും ആവേശ ഭരിതരായിരുന്നു. അതുതന്നെ ആയിരിക്കാം എംജിആര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത് തന്നെ സിനിമയിലെ തന്റെ പ്രിയപ്പെട്ട എതിരാളി ശിവാജി ഗണേശനും ദ്രാവിഡ ഏക്ക അരസിയല്‍ എന്ന സ്വന്തം പാര്‍ട്ടിയുമായി രംഗത്തെത്തിയത്.