ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

Spread the love

ദേശീയ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പദ്ധതിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളീജിയറ്റ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം വാൾ പദ്ധതിയിൽ ഒരുക്കിയ ചുമർ ചിത്രത്തിലൂടെയാണ് കേരളത്തെ ഈ നേട്ടം തേടി വന്നിരിക്കുന്നത്. പദ്ധതിയിൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ 20,000 ചതുരശ്ര അടിയിൽ ഒരുക്കിയ ചുമർചിത്രത്തിനാണ് അംഗീകാരം.വിവിധ കലാലയങ്ങളുടെ പ്രധാന കവാടം, പ്രധാന കെട്ടിടങ്ങൾ തുടങ്ങി വിശാലമായ ഭിത്തികളിലെല്ലാം ക്യാംപസുകളിലെ ചിത്രകാരന്മാരുടെ മുദ്ര പതിഞ്ഞ ബൃഹത്തായ കലാപദ്ധതിയായിരുന്നു ഫ്രീഡം വാൾ. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഫ്രീഡം വാൾ പദ്ധതിക്ക് രൂപം കൊടുത്തത്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങണമെന്നതായിരുന്നു പദ്ധതിക്കു പിന്നിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കാഴ്ചപ്പാട്. സ്വാതന്ത്ര്യസമരചരിത്രവും തദ്ദേശീയ സാംസ്‌കാരികപൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങളാണ് പദ്ധതിയിൽ കലാലയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടത്. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചിത്രങ്ങൾ ആലേഖനം ചെയ്തത്.സംസ്ഥാനമൊട്ടാകെ, സർക്കാർ കോളേജുകളുൾപ്പെടെയുള്ള കലാലയങ്ങളിൽ വിദ്യാർത്ഥികൾ വിരലുകള്‍ കൊണ്ട് ഇന്ത്യാചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചു. സ്വാതന്ത്ര്യമഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരുക്കിയ ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമായി ഇത് മാറി. അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓര്‍മ്മിപ്പിക്കുന്ന പഞ്ചമിയെന്ന ദളിത് പെണ്‍കുട്ടിയെ ചേർത്തുപിടിച്ചു നവോത്ഥാന നായകൻ അയ്യങ്കാളി നിൽക്കുന്ന ചുമർചിത്രം പോലെ അവയിൽ മിക്കതും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ മേഖല പുരസ്കൃതമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *