വയനാട്ടിൽ കടുവയെ പിടികൂടാൻ കെണിയുവായി വനം വകുപ്പ് അധികൃതർ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി താന്നിതെരുവിൽ ദിവസങ്ങളായി ഭീതി വിതച്ച കടുവയെ പിടികൂടാൻ കെണി ഒരുക്കി വനം വകുപ്പ് അധികൃതർ. കടുവ എത്താറുള്ള പശുത്തൊഴുത്തിനടുത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാൻ കൂട് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചിതലയം റേഞ്ച് ഓഫീസിൽ ഉപരോധ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവനുസരിച്ച് കൂട് സ്ഥാപിച്ചത്.പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ അടുത്തയായി കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. തൊഴുത്തിന് പിറകിൽ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കടിച്ചു കൊന്നത്. വീട്ടുകാർ ബഹളം വച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും കടുവ പശുക്കിടാവിനെ കൊന്നിട്ടുണ്ട്.