ശാസ്ത്രത്തെ തമസ്‌കരിക്കുന്ന കാലഘട്ടത്തില്‍ ശാസ്ത്രമേളകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം : ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉള്‍പ്പെടെയുള്ള ശാസ്ത്രീയതകളെ തമസ്‌കരിക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്ന, അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ കാലഘട്ടത്തില്‍ മനുഷ്യ സാമൂഹ്യ വികാസത്തെ പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ശാസ്ത്ര മേളകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ചിട്ടുള്ള ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക മനുഷ്യന്‍ എങ്ങിനെ രൂപപ്പെട്ടു എന്നതിന്റെ ലക്ഷക്കണക്കിനു വര്‍ഷത്തെ ചരിത്രം വസ്തുനിഷ്ഠമായി ആവിഷ്‌കരിക്കാനായി എന്നതാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രധാന നേട്ടം. ആധുനിക സമൂഹത്തെ സൃഷ്ടിച്ചതില്‍ സയന്‍സിന്റെ പങ്ക് തിരിച്ചറിയാന്‍ എല്ലാവരേയും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.